A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഞാന് കണ്ട പ്രേതം



കൂട്ടുകാരുടെ കയ്യില്‌ നിന്നാണ് ആ ഫോണ്‌ നമ്പര് ‌ലഭിച്ചത്. കിട്ടിയപ്പോള്‌ അതിലൊട്ടും താല്പര്യം തോന്നിയില്ല. എങ്കിലും എല്ലാവരും പല തവണ അതേക്കുറിച്ച് ആവര്‌ത്തിച്ച് പറഞ്ഞതു കേട്ടപ്പോള്‌ ആ നമ്പര്‌ എന്തായാലും ഒന്ന് കുറിച്ചു വച്ചു. താല്പര്യമുള്ളആര്‌ക്കെങ്കിലും കൊടുക്കാമല്ലോ എന്നുമോര്‌ത്തു. പലരും അതെക്കുറിച്ച് തമാശ പോലെയും സീരിയസ്സായും പല കമന്റുകളും പറഞ്ഞു. എന്തൊക്കെയായാലും എല്ലാവരും അവസാനം ഒരു കാര്യം മാത്രം ഉറപ്പിച്ചു പറഞ്ഞു.“ഇപ്പറഞ്ഞ നമ്പര്‌ കേരളാ നമ്പറല്ല. ചെന്നൈ അല്ലെങ്കില്‌ ബാംഗ്ലൂര്‌ നമ്പറാണ്. ആ നമ്പറിന്റെ പ്രത്യേകത എന്തെന്നാല്‌ അതിലേയ്ക്ക് പകല്‌ സമയത്ത് വിളിച്ചാല്‌ കോള്‌ കണക്ടാകില്ല. പകരം വിളിക്കുന്നത് അര്‌ദ്ധരാത്രിയാണെങ്കില്‌ ഏതോ ഒരു പെണ്‌കുട്ടി ആ ഫോണെടുക്കുകയും ചെയ്യും. മാത്രമല്ല, ആരെങ്കിലും പകല്‌ ആ നമ്പറിലേയ്ക്ക് വിളിയ്ക്കാന്‌ ശ്രമിച്ചിട്ടുണ്ടെങ്കില്‌ രാത്രി 12 മണിയ്ക്ക് ആ നമ്പറില്‌ നിന്നും തിരികെ കോള്‌ വരും. അതു മാത്രമല്ല, ആ നമ്പര്‌ 6 മാസം മുന്പ് ആത്മഹത്യ ചെയ്ത ഏതോ ഒരു മലയാളി പെണ്‌കുട്ടിയുടെ നമ്പറാണത്രേ. അതേ പെണ്‌കുട്ടിയായിരിക്കും നമ്മെ തിരിച്ചു വിളിയ്ക്കുന്നത്”എന്തായാലും ഇതൊക്കെ കേട്ടപ്പോള്‌ ഞാനും സംഭവം നിസ്സാരമായി ചിരിച്ചു തള്ളി. ആളുകളെ പറ്റിയ്ക്കാനായി എന്തെല്ലാം വഴികളെന്ന് പറഞ്ഞു ചിരിയ്ക്കുകയും ചെയ്തു. സുഹൃത്തുക്കളില്‌ കുറച്ചു പേര്‌ എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കണമെന്നും പറഞ്ഞാണ് പിരിഞ്ഞത്. അവിടെ ഇരുന്നവരാരും അതു വരെ അത് ശ്രമിച്ചു നോക്കിയിരുന്നുമില്ല.ഞാനെന്തായാലും ആ സംഭവം തല്ക്കാലം മറന്നു. പിന്നെ രണ്ടു മൂന്നു ദിവസങ്ങള്‌ കഴിഞ്ഞു. അന്നൊരു ദിവസം അച്ഛനും അമ്മയും ഒന്നും വീട്ടിലില്ല.അവരെല്ലാം ഒരു ബന്ധു വീട്ടില്‌ പോയിരിക്കുകയാണ്. അന്ന് ഞാന്‌ മാത്രമേ വീട്ടിലുള്ളൂ. ഞാനവിടെഒറ്റയ്ക്കായതു കാരണംജിബീഷ്ചേട്ടനെന്നെ വിളിച്ചു. രാത്രി അവരുടെവീട്ടില്‌ കിടക്കാമെന്നും പറഞ്ഞു. എന്നാല്‌ ഞാനത് നിരസിച്ചു. മാത്രമല്ല, ജിബീഷ് ചേട്ടനെ ഒന്നു കളിയാക്കുകയും ചെയ്തു. എനിക്ക് ഒറ്റയ്ക്കു കിടക്കാന്‌ അത്ര ഭയമൊന്നും ഇല്ലെന്നും പറഞ്ഞു. (ചില ദിവസങ്ങളില്‌ ഇതു പോലെ ജിബീഷ് ചേട്ടന്റെ വീട്ടില്‌ ആരുമില്ലാത്തപ്പോള്‌ ഞാന്‌ അവിടെ കൂട്ടിന് കിടക്കാന്‌ പോകുന്ന പതിവുണ്ടായിരുന്നു). അത് വിശ്വാസമായിട്ടോ എന്തോ, ജിബീഷേട്ടനും പിന്നെ നിര്‌ബന്ധിച്ചില്ല.അങ്ങനെ സമയം രാത്രിയായി.9-10 മണി വരെ പതിവു പോലെ ടിവി കണ്ടു കൊണ്ട് സമയം കളഞ്ഞു. പിന്നെ അന്ന് കിട്ടിയ ഏതോ ഒരുപുസ്തകവും വായിച്ചു കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ബോറടിച്ചപ്പോള്‌ യാദൃശ്ചികമായി ആ ഫോണ്‌ സംഭവം ഓര്‌മ്മവന്നു. വെറുതേ എന്റെ പേഴ്സെടുത്ത് തപ്പി നോക്കി. അതിലുണ്ടായിരുന്നു, ആ നമ്പര്‌. സമയം നോക്കിയപ്പോള്‌ 10 കഴിഞ്ഞു. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നായി അപ്പോഴത്തെ ചിന്ത. മറ്റൊന്നും ആലോചിക്കാതെ ആ നമ്പറിലേയ്ക്ക് ഡയല്‌ ചെയ്തു. സുഹൃത്തുക്കള്‌ പറഞ്ഞതു പോലെതന്നെ “നമ്പര്‌ നിലവിലില്ല” എന്നു മറുപടി കിട്ടി. ആ ശ്രമം അവിടെ ഉപേക്ഷിച്ച് വീണ്ടും ടിവിയിലേയ്ക്ക് മടങ്ങി. ഒന്നും രസമില്ല എന്നു തോന്നിയപ്പോള്‌ അതും ഓഫ് ചെയ്ത് കിടക്കാന്‌ തീരുമാനിച്ചു.കിടന്നു കഴിഞ്ഞപ്പോള്‌ മുതല്‌ ആ ഫോണ്‌ നമ്പറിനെ പറ്റിയായി ചിന്ത. അതെപ്പറ്റി ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് കുറേശ്ശെ പേടി തോന്നിത്തുടങ്ങി. വിളിക്കേണ്ടായിരുന്നു എന്നു തന്നെ മനസ്സില്‌ വീണ്ടും വീണ്ടും തോന്നി. കിടന്നിടത്തു നിന്നും എഴുന്നേറ്റ് ലൈറ്റിട്ടു. പിന്നെ, അതു മറക്കാനായി ടിവി ഓണ്‌ ചെയ്തു നോക്കി. അതിലേയ്ക്ക് ശ്രദ്ധിയ്കാനേ തോന്നുന്നില്ല. വീണ്ടും ആ പുസ്തകമെടുത്തു. ഒട്ടും ഏകാഗ്രത കിട്ടുന്നില്ല. എന്നാലും വെറുതേ അതുംനോക്കിക്കൊണ്ടിരുന്നു. ഇടയ്കിടെ ക്ലോക്കിലേയ്ക്കും അറിയാതെ നോക്കുന്നുണ്ട്. സമയം 11. 30 കഴിഞ്ഞു, 11.45 കഴിഞ്ഞു… എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരുന്നു… മനസ്സില്‌ കൂട്ടുകാരെല്ലാം പറഞ്ഞ കാര്യം ഓര്‌മ്മ വന്നു. “ഈ നമ്പറിലേയ്ക്ക് നമ്മള്‌ പകല്‌ സമയത്ത് വിളിക്കാന്‌ ശ്രമിച്ചാല്‌ കണക്ട് ആകില്ല. പകരം, ആ വിളിച്ച നമ്പറിലേയ്ക്ക് ഈ നമ്പറില്‌ നിന്ന് നമുക്ക് അന്ന് അര്‌ദ്ധരാത്രിയില്‌ വിളി വരും. ആ വിളിയ്ക്കുന്നത് ആറു മാസം മുന്പ് ആത്മഹത്യ ചെയ്ത ഒരു പെണ്‌കുട്ടിയായിരിക്കും”സമയം പന്ത്രണ്ട് ആകുന്തോറും എനിക്ക് വെപ്രാളം കൂടിക്കൂടി വന്നു. ആ സമയത്ത് പതിവില്ലാതെ ഒരു മൂത്ര ശങ്ക…ഒപ്പം ഭയങ്കര ദാഹം… ചെറിയ ഒരു വിറയല്‌… എന്തു ചെയ്യണമെന്നറിയാതെ ഞാന്‌ മുറിയില്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തായാലും വാതിലു തുറക്കാനും പേടി. തുറന്നു കിടക്കുന്ന ജനലടക്കാമെന്നും കരുതി ജനലിനടുത്തേയ്ക്ക് നീങ്ങിയതും “ക്…റും…” എന്ന ശബ്ദത്തോടെ ജനാലച്ചില്ലില്‌ എന്തോ വന്നു വീണതും ഒരുമിച്ച്. ഞെട്ടി പുറകോട്ടു ചാടിക്കഴിഞ്ഞപ്പോഴാണ് “ങ്യാവൂ..” എന്ന ശബ്ദം കേട്ടത്. കുറച്ചൊരു സമാധാനം തോന്നി. വീട്ടിലും പരിസരങ്ങളിലും ചുറ്റി നടന്നിരുന്ന പൂച്ചക്കുഞ്ഞാണ്. അകത്തു കടക്കാനനുവദിക്കാറില്ലാത്തതിനാല്‌ ജനല് തുറന്നു കിടക്കുന്നതു കണ്ടപ്പോള്‌ ആശാനൊന്നു ശ്രമിച്ചതാണ്, അകത്തു കയറിപ്പറ്റാന്‌…അതു പൂച്ചയാണല്ലോ എന്ന സമാധാനത്തോടെ ഒരു നെടുവീര്‌പ്പിട്ട് പ്രശ്നമൊന്നുമില്ല എന്ന് മനസ്സില്‌ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ക്ലോക്കില്‌ നോക്കി. ഹാവൂ… സമയം 12 കഴിഞ്ഞു. ഇനി കുഴപ്പമില്ല. അങ്ങനെ ചിന്തിച്ച് തീര്‌ന്നില്ല. “ടിര്ര്ര്ര്ണിം” ഫോണ്‌ ബെല്ലടിച്ചു. ഞാനപ്പോള്‌ നിന്നിരുന്നത് ഫോണിന്റെ തൊട്ടടുത്തായിരുന്നതു കൊണ്ടോ പേടി കൂടുതല്‌ തോന്നിയിട്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടോ എന്തോ ഫോണ്‌ റിസീവറില്‌ നിന്നെടുത്ത് മാറ്റി വയ്ക്കാനാണ് അപ്പോള്‌ തോന്നിയത്. അതിന്റെ മണിയടിയാണ് ആ നിമിഷത്തില്‌ ഏറ്റവും ഭയാനകമായി തോന്നിച്ചത് എന്നതാണ് സത്യം. ഞാന്‌ റിസീവറെടുത്ത്പൊക്കിയതും പെട്ടെന്ന് കറന്റും പോയി.ഒരു ഉള്‌ക്കിടിലത്തോടെ റിസീവര്‌ മേശമേലേക്കിട്ട ഞാന്‌ ഒരു വിറയലോടെ ഞെട്ടിമാറിയതും ആ ഇരുട്ടില്‌ എന്റെ നോട്ടം പാതി തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേയ്ക്ക് അറിയാതെ പാഞ്ഞതും അവിടെ മുറ്റത്തായി ആരോ നില്‌ക്കുന്നതായി കണ്ടതും ആ രൂപത്തില്‌ വെള്ള സാരി പോലെയെന്തോ കാറ്റിലനങ്ങുന്നതു പോലെ തോന്നിയതും ഇതിനിടയില്‌ ആ ഫോണ്‌ കോളിനെ പറ്റി കൂട്ടുകാരെല്ലാം പറഞ്ഞു കേട്ട കഥ മുഴുവന്‌ ഒറ്റയടിയ്ക്ക് ഓര്‌മ്മ വന്നതും എല്ലാം ഒരൊറ്റ നിമിഷത്തില്‌ കഴിഞ്ഞു.വായിലെ വെള്ളം പോലും വറ്റി കുറേശ്ശെ ബോധം നഷ്ടപ്പെട്ടോ എന്ന ഒരു അവസ്ഥയില്‌ നില്‌ക്കുമ്പോഴാണ് ഉയര്‌ത്തി മേശമേല്‌ വച്ച ആ ഫോണീല്‌ “ഹലോ ഹലോ” എന്ന ജിബീഷ് ചേട്ടന്റെ ശബ്ദം എനിക്കു തിരിച്ചറിയാന്‌ കഴിഞ്ഞത്. ആ സമയത്തു തോന്നിയ ഒരു സമാധാനവും ആശ്വാസവും പറഞ്ഞറിയിക്കാന്‌ വയ്യ. തിരിച്ചു കിട്ടിയ ധൈര്യത്തോടെ ഞാന്‌ ഫോണ്‌ ചാടിയെടുത്തു. ഫോണെടുത്ത് സംസാരിക്കാന്‌ വൈകിയതിന് എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ജിബീഷ് ചേട്ടന്‌ എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‌ കറന്റു പോയതു കൊണ്ടാണെന്നോ മറ്റോ പറഞ്ഞ് ഞാന്‌ ഒരുവിധം തടിയൂരി. അപ്പോഴേയ്ക്കും കറന്റും വന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഗുഡ് നൈറ്റും പറഞ്ഞ് ജിബീഷ് ചേട്ടന്‌ ഫോണ്‌ വച്ചപ്പോഴേയ്ക്കും ഞാന്‌ സമനില വീണ്ടെടുത്തിരുന്നു.കിടക്കും മുന്പ് എന്റെ മുറിയില്‌ വെളിച്ചം കണ്ടതു കൊണ്ടാണത്രേ ജിബീഷ് ചേട്ടന് ഫോണ്‌ വിളിച്ച് ചോദിച്ചത്. (ഞങ്ങളുടെ വീടും ജിബീഷ് ചേട്ടന്റെ വീടും തമ്മില്‌ ഏതാണ്ട് ഒരു 200 മീറ്റര്‌ ദൂരമേയുള്ളൂ. മാത്രമല്ല, സാധാരണ ജിബീഷ് ചേട്ടന്‌ ഉറങ്ങുന്നത് 12 മണിയെല്ലാം കഴിഞ്ഞിട്ടായിരിക്കും) എന്തായാലും ഒരു നിമിഷം എന്റെ ചിന്ത പോയത് നേരത്തേ ഞാന്‌ ട്രൈ ചെയ്ത അതേ നമ്പറില്‌ നിന്നുമാണ് എനിക്ക് ആ ഫോണ്‌ വന്നത് എന്നും പുറത്ത് നില്‌ക്കുന്ന വെള്ള സാരിയുടുത്ത സ്ത്രീരൂപം പണ്ട് മരിച്ചതായി പറയുന്ന ആ പെണ്‌കുട്ടി തന്നെ ആയിരിക്കും എന്നുമായിരുന്നു. എനിക്ക് സാരി അനങ്ങുന്നതായി തോന്നിയതാകട്ടെ, മുറ്റത്തെ വാഴയുടെ ഒടിഞ്ഞു തൂങ്ങിയ ഉണങ്ങിയ ഇലയായിരുന്നു.എന്തായാലും പിന്നെ, മനസ്സമാധാനത്തോടെ പോയിക്കിടന്നുറങ്ങാനും കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ആദ്യം ചെയ്തത് മുറ്റത്തെ വാഴയുടെ ഉണങ്ങിയ ഇലകളെല്ലാം വെട്ടിക്കളയുക എന്ന കൃത്യമായിരുന്നു. പിന്നെ പേഴ്സില്‌ നിന്നും ആ നമ്പറെടുത്ത് അടുപ്പിലിടുക എന്നതും. മാത്രമല്ല, ഇത്ര പ്രായമായിട്ടും (ഈ സംഭവം നടന്നിട്ട് ഇപ്പോള്‌ മൂന്നു കൊല്ലത്തിനു മുകളിലായിട്ടില്ല) ഇങ്ങനെ പേടിച്ചു എന്ന് പുറത്തറിയുമെന്ന ചമ്മലു കാരണം ഇത് അധികമാരോടും പറഞ്ഞിട്ടുമില്ല.