A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാഴൂർ പടിപ്പുര

പാഴൂർ പടിപ്പുര

കേരളത്തിലെ ജ്യോതിഷ രംഗത് ഏറ്റവും കൂടുതൽ പ്രശസ്തിയാർജ്ജിച്ച സ്ഥലങ്ങളിൽ ഒന്നാണ് പാഴൂർ പടിപ്പുര.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിൽ പാഴൂർ പടിപ്പുരയുടെ പിന്നിലുള്ള ഐതിഹ്യത്തെ ഇങ്ങനെ കൊടുത്തിരിക്കുന്നു.
" പ്രസിദ്ധനായ തലക്കുളത്തൂർ ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷ് മലയാളത്തിലാണ്. ഇദ്ദേഹം നല്ല വ്യുത്പന്നനും ജ്യോതിശ്ശാസ്ത്ര പാരംഗതനും ആയിരുന്നു എന്ന് പ്രസിദ്ധമാണല്ലോ. ഭട്ടതിരിക്ക് പ്രശ്നം പറയുന്നതിന് ഒരു വിശേഷവാസന ബാല്യത്തിൽത്തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ തന്റെ ജാതകംതന്നെ സ്വയമേവ ഒന്നു ഗണിച്ചുനോക്കണമെന്നു നിശ്ചയിച്ചു. ഗണിച്ചുനോക്കിയപ്പോൾ ഇന്നപ്പോൾ തനിക്ക് ജാതിഭ്രംശം സംഭവിക്കുമെന്നായിക്കണ്ടു. ജാതകമെല്ലാം എഴുതി കുറ്റം തീർത്തു സൂക്ഷിച്ചു എങ്കിലും തനിക്കു വരാനിരിക്കുന്ന അധഃപതനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല.അതിന്റെശേഷം കുറഞ്ഞോരുകാലം കഴിഞ്ഞപ്പോൾ ഏറ്റവും ദരിദ്രനും സമീപസ്ഥനുമായ ഒരു ബ്രാഹ്മണൻ ദാരിദ്യദുഃഖം സഹിക്കവഹിയാതെയായിട്ടു. ഭട്ടതിരിയുടെ അടുക്കൽ വന്നു ചോദിച്ചു: "ഹേ! അവിടുന്നു പലരോടും പല സംഗതിക്കും പ്രശ്നം പറയുന്നുണ്ടല്ലോ; ഒന്നും തെറ്റുന്നുമില്ല. എന്നാൽ എനിക്ക് ഈ ദാരിദ്ര്യദുഃഖം തീർന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാൻ സംഗതി വരുമോ? ഇതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു പറഞ്ഞാൽ കൊള്ളാം. ഞാൻ ഇതിലധികം വലയേണ്ടതില്ല" ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കു കേട്ട് ആർദ്രമാനസനായി ഭവിച്ച ഭട്ടതിരി കുറഞ്ഞോരു നേരം കണ്ണടച്ചു വിചാരിച്ചതിന്റെ ശേഷം പറഞ്ഞു, "അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങയുടെ ദാരിദ്ര്യം അശേഷം തീരുന്നതിനുള്ള കാലം അടുത്തിരിക്കുന്നു. ഞാൻ ഒരു ഉപായം പറഞ്ഞുതരാം. അതുപോലെ പ്രവർത്തിച്ചാൽ മതി. എന്തെന്നാൽ, ഈ വരുന്ന ദ്വാദശിനാൾ അർധരാത്രി ആകുമ്പോൾ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിങ്കൽ പോയി നിൽക്കണം. അപ്പോൾ അതിലെ രണ്ടു ബ്രാഹ്മണർ വരും. അവരുടെ പിന്നാലെ കൂടിക്കൊള്ളണം. എന്തു പറഞ്ഞാലും ഒഴിച്ചുപോകരുത്. അവർ അങ്ങേ കബളിപ്പിച്ചു പോകാൻ കഴിയുന്നതും ശ്രമിക്കും. എങ്കിലും വിട്ടു പിരിയരുത്. അവർ പോകുന്നിടത്തേക്ക് അങ്ങെയും കൊണ്ടു പോകണമെന്നു പറഞ്ഞുകൊള്ളണം. ഈ കൗശലം പറഞ്ഞുതന്നത് ആരാണെന്നു ചോദിചാൽ പറകയുമരുത്. ഇപ്രകാരം ചെയ്താൽ അങ്ങയുടെ ദാരിദ്ര്യം അശേഷം തീർന്നു സുഖമായിട്ടിരിക്കാൻ സംഗതി വരും". ഇങ്ങനെ ഭട്ടതിരി പറഞ്ഞപ്പോൾ ബ്രാഹ്മണന്ന് വളരെ സന്തോഷമുണ്ടായി എന്നു പറയേണ്ടതില്ലല്ലോ. ഭട്ടതിരിയുടെ പ്രശ്നം ഒരിക്കൽപ്പോലും ആർക്കും തെറ്റാറില്ലാത്തതിനാൽ കാര്യം സഫലമാകുമെന്നു ബ്രാഹ്മണൻ നല്ലപോലെ വിശ്വസിച്ചു. "എന്നാൽ ഇനി പോയിവന്നിട്ടു കണ്ടുകൊള്ളാം" എന്നു പറഞ്ഞു പോവുകയും ചെയ്തു.
ഭട്ടതിരി പറഞ്ഞതുപോലെ ദ്വാദശിനാൾ അർധരാത്രിക്കു മുമ്പേ ബ്രാഹ്മണൻ തൃശ്ശൂർ വടക്കെ ഗോപുരത്തിലെത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അതിതേജോമയന്മാരായ രണ്ടു ബ്രാഹ്മണർ അതിലേ കടന്നുപോകുന്നതായി കണ്ട് അവരുടെ പിന്നാലെ ചെന്നു. അവർ ഇദ്ദേഹത്തെ വിട്ടുപിരിയുന്നതിനായി പലവിധത്തിലും ഉപായങ്ങൾ നോക്കി. ഒന്നും ഫലിക്കയില്ലെന്നു തീർച്ചയായപ്പോൾ അവർ ചോദിച്ചു, "ഹേ! അങ്ങ് എവിടേക്കാണ് പുറപ്പെട്ടിരിക്കുന്നത്? ഞങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതിന്റെ ഉദ്ദേശമെന്താണ്?
ബ്രാഹ്മണൻ: നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?
ബ്രാഹ്മണർ: ഞങ്ങൾ ബദര്യാശ്രമത്തിങ്കലേക്കാണ്.
ബ്രാഹ്മണൻ: എന്നാൽ ഞാനും അങ്ങോട്ടുതന്നെയാണ്.
ബ്രാഹ്മണർ: എന്നാൽ അതു ഞങ്ങളുടെ കൂടെ വരണമെന്നുണ്ടോ?
ബ്രാഹ്മണൻ: ഉണ്ട്. ഞാനങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.നിങ്ങൾ കൃപയുണ്ടായി എന്നെക്കൂടെ കൊണ്ടുപോകണം.
ബ്രാഹ്മണർ: ഞങ്ങളെ ഇപ്പോൾ ഇവിടെ കാണുമെന്ന് അങ്ങോടു പറഞ്ഞുതന്നതാരാണ്?
ബ്രാഹ്മണൻ: അതു ഞാൻ പറയുകയില്ല. നിങ്ങൾ എന്നോടു നിർബന്ധിക്കയുമരുത്.
ഇപ്രകാരം ആ ബ്രാഹ്മണന്റെ വാക്കുകൾ കേട്ടപ്പോൾ മറ്റേ ബ്രാഹ്മണർ കുറച്ചുനേരം വിചാരിച്ചിട്ടു പറഞ്ഞു, "ആട്ടെ, കാര്യമൊക്കെ മനസ്സിലായി. അങ്ങേക്ക് ഈ കശൗലം ഉപദേശിച്ചുതന്നെയാൾക്ക് അധഃപതനം വന്നുപോട്ടെ. നേരിട്ടു കണ്ടുപോയതുകൊണ്ട് ഇനി അങ്ങേ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്കു നിവൃത്തിയില്ല. അതിനാൽ കൊണ്ടുപോകാം. കണ്ണടച്ചുകൊണ്ടു ഞങ്ങളെ തൊട്ടോളണം."
ഇങ്ങനെ ബ്രാഹ്മണരുടെ വാക്കു കേട്ടയുടനെ ആ ബ്രാഹ്മണൻ അപ്രകാരം ചെയ്തു. മാത്രനേരം കഴിഞ്ഞപ്പോൾ കണ്ണു തുറന്നോളാൻ പറഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോൾ മൂന്നുപേരും ബദര്യാശ്രമത്ത് ഒരു ഗൃഹത്തിൽ എത്തിയിരിക്കുന്നു. ഉടനെ ആ ദിവ്യന്മാരായ ബ്രാഹ്മണർ പറഞ്ഞു, "ഇതാ ഈ ഗൃഹത്തിനകത്ത് ഒരാൾ മരിക്കാറായി ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നുണ്ട്. അദ്ദേഹം അങ്ങയുടെ അപ്ഫനാണ്. അങ്ങയുടെ ഒരപ്ഫൻ കാശിക്കുപോയിട്ടുള്ളതായി ഓർക്കുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാണിത്. അദ്ദേഹം ഗംഗാസ്നാനം കഴിഞ്ഞ് ഓരോരോ സ്ഥലങ്ങളിൽ സഞ്ചരിച്ച്, ക്രമേണ ഇവിടെ വന്നുചേർന്നു. പിന്നെ വളരെക്കാലമായി ഇവിടെ ശാന്തി കഴിച്ച് താമസിക്കയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിനു മരണസമയം അടുത്തിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ കൊണ്ടുപോകാനായി വന്ന വിഷ്ണുദൂതന്മാരാണ്. അരനാഴികയ്ക്കകം ഞങ്ങൾ കൊണ്ടുപോകും. അതിനുമുമ്പേ കാണണമെങ്കിൽ കണ്ടോളണം." ഇങ്ങനെ ആ ബ്രാഹ്മണവേഷം ധരിച്ചിരുന്ന വിഷ്ണുദൂതന്മാരുടെ വാക്കു കേട്ടു ബ്രാഹ്മണൻ അകത്തു കടന്നു നോക്കിയപ്പോൾ അവർ പറഞ്ഞതുപോലെ തന്റെ അപ്ഫൻ ശ്വാസം വലിച്ചുകൊണ്ട് കിടക്കുന്നതുകണ്ടു. മരിക്കാറായി കിടക്കുന്ന ബ്രാഹ്മണനു ബോധം കെട്ടിട്ടില്ലായിരുന്നതിനാൽ തന്റെ പുത്രനെ കണ്ടപ്പോൾ ആളറിയുകയും ചെയ്തു. ഏകാകിയായി പരദേശത്തു താമസിക്കുന്ന ഒരാൾ അത്യന്തം അവശതയിൽ കിടക്കുന്ന സമയം തന്റെ അടുത്ത അവകാശിയായ ഒരാളെ വിചാരിച്ചിരിക്കാതെ പെട്ടെന്നു കാൺമാൻ സംഗതിയായാൽ ഉണ്ടാകുന്ന സന്തോഷം അളവില്ലാത്തതായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ആ വൃദ്ധബ്രാഹ്മണൻ തന്റെ ഭ്രാതൃപുത്രനെ കണ്ടയുടനെ താൻ വളരെ കാലമായി സംഖ്യയില്ലാതെ സമ്പാദിച്ചു ജാളികകളിലാക്കിക്കെട്ടിവെച്ചു പൂട്ടിയിരിക്കുന്ന പെട്ടിയുടെ താക്കോൽ തലയിണയുടെ താഴെ വെച്ചിരുന്നതെടുത്തു കൈയിൽ കൊടുത്തു. ഉടനെ പ്രാണനും പോയി. ബ്രാഹ്മണൻ അപ്ഫന്റെ സംസ്കാരം മുതലായത് യഥാക്രമം കഴിചതിന്റെ ശേഷം തനിക്കു കിട്ടിയ അപരിമിതമായ ദ്രവ്യവുംകൊണ്ട് തന്റെ ഗൃഹത്തിൽ വന്നുചേർന്നു. ഉടനെ ഭട്ടതിരിയെ ചെന്നു കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞുകേൾപ്പിച്ചു. വിഷ്ണുദൂതന്മാർ അധഃപതനം വന്നുപോകട്ടെ എന്നു തന്നെ ശപിച്ചു എന്നു കേട്ടപ്പോൾ ഭട്ടതിരി "അത്ര ഉള്ളോ? അതു ഞാൻ മുമ്പേതന്നെ നിശ്ചയിച്ചിട്ടുള്ളതാണല്ലോ" എന്നു പറഞ്ഞു താൻ എഴുതിവെച്ചിരുന്ന ജാതകമെടുത്തു ബ്രാഹ്മണനെ കാണിച്ചു. ബ്രാഹ്മണൻ എല്ലാം കൊണ്ടും ഭട്ടതിരിയെക്കുറിച്ച് വിസ്മയിച്ചു തന്റെ ഗൃഹത്തിൽ വന്നു സുഖമായി വസിച്ചു. തന്റെ അധഃപതനദിവസത്തെ പ്രതീക്ഷിച്ചുംകൊണ്ടു ഭട്ടതിരിയും ഇരുന്നു.
ജാതകഫലം അനുഭവിക്കാതെ കഴികയില്ലെന്നു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും കഴിയുന്നതും പരീക്ഷിക്കണമെന്ന് വിചാരിച്ച് ഭട്ടതിരി ഒരുപായം നിശ്ചയിച്ചുകൊണ്ട് സ്വദേശം വിട്ടു പാഴൂർ വന്നു താമസിച്ചു. തനിക്ക് അധഃപതനം സംഭവിക്കുന്നതിനു യോഗമുള്ളതായ ആ ദിവസം രാവിലെ കുളിച്ചു നിത്യകർമ്മാനുഷ്ഠാനാദികളും ഭക്ഷണവും കഴിഞ്ഞതിന്റെ ശേഷം ചില സ്നേഹിതന്മാരോടുകൂടി തോണി കളിക്കാനായി പോയി. അന്ന് അഹോരാത്രം തോണിയിൽത്തന്നെ കഴിച്ചുകൂട്ടണമെന്നായിരുന്നു ഭട്ടതിരിയുടെ ഉദ്ദേശം. പാഴൂർ പുഴയിലായിരുന്നു വഞ്ചികളി. പകൽ മുഴുവനും അങ്ങനെ പുഴയിൽത്തന്നെ കഴിച്ചുകൂട്ടി. സന്ധ്യാസമയമായപ്പോൾ കരയ്ക്കടുത്തു കുളിച്ചു സന്ധ്യാവന്ദനാദി കഴിച്ചു വീണ്ടും എല്ലാവരുംകൂടി വഞ്ചിയിൽ കയറി കളിതുടങ്ങി. നല്ല നിലാവുള്ള കാലമായിരുന്നതിനാൽ തത്കാലം ഒരു വിഷമതയും ഉണ്ടായിരുന്നില്ല. നേരം പാതിരാ കഴിഞ്ഞപ്പോൾ ആ വിധമൊക്കെ ഒന്നു മാറി. അകസ്മാൽ അതികഠിനമായി മഴക്കാറും കാറ്റും തുടങ്ങി. കാർമേഘങ്ങളാൽ ചന്ദ്രമണ്ഡലം അശേഷം മൂടപ്പെടുകയാൽ ചന്ദ്രികയില്ലാതെയായി. എന്നു മാത്രമല്ല, അതിഘോരമായ അന്ധകാരം ലോകമാസകലം നിറയുകയും ചെയ്തു. വഞ്ചിയിൽ ഇരിക്കുന്നവർക്കുതന്നെ പരസ്പരം കാൺമാൻ വഹിയാതെയായിത്തീർന്നു. ഉടനെ അതികേമമായി മഴയും തുടങ്ങി. പുഴയിൽ ഒഴുക്കും ഓളവും കലശലായി. വഞ്ചിയിൽ വെള്ളം നിറഞ്ഞു മുങ്ങുമെന്നുള്ള ദിക്കായി. മരണഭയം നിമിത്തം എല്ലാവർക്കും വല്ലപ്രകാരവും കരയ്ക്കടുക്കണമെന്നു തോന്നിത്തുടങ്ങി. ഇരുട്ടുകൊണ്ട് കരയും കടവും കാണാനും പാടില്ല. ഒഴുക്കും ഓളവും കൊണ്ട് ഊന്നിയാലും തുഴഞ്ഞാലും വഞ്ചി നേരെ പോകുന്നുമില്ല. ആകപ്പാടെ വലിയ കുഴപ്പത്തിലായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. എന്തിനു വളരെപ്പറയുന്നു?
കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാവരും നനഞ്ഞൊലിച്ചു കിടുകിടാ വിറച്ചുകൊണ്ട് അടുക്കലുള്ള ഓരോ ഗൃഹങ്ങളിലേക്ക് കയറിപ്പോയി. കൂട്ടുകാരെല്ലാം പിരിഞ്ഞു. ഭട്ടതിരി തനിച്ചായി. കാറ്റും മഴയും കൊണ്ട് തണുപ്പു സഹിക്കവയ്യാതെ വിറച്ചുകൊണ്ട് അദ്ദേഹം ഇരുട്ടത്തു തപ്പിത്തപ്പി പുറപ്പെട്ടു. തൽക്കാലമുണ്ടായ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു കാണപ്പെട്ടതായ ഒരു വീടിന്റെ തിണ്ണയിൽ അങ്ങനെ ചെന്നു കയറി. മുണ്ടും മറ്റും പിഴിഞ്ഞ് തുവർത്തി കുറച്ചുസമയം അവിടെ ഇരുന്നു. അപ്പോൾ ഒരിടിമിന്നലുണ്ടായതിനാൽ ആ ഇറയത്ത് ഒരു കയറ്റുകട്ടിലും പായും തലയിണയും ഇരിക്കുന്നതായി കണ്ടു. ഇതാരുടെയെങ്കിലുമാകട്ടെ, എടുത്തു കിടക്കുകതന്നെ എന്നു നിശ്ചയിച്ച് ആ കട്ടിലിൽ കയറിക്കിടപ്പുമായി. അത്താഴമുണ്ണായ്കകൊണ്ടും വഞ്ചികളിയാലുണ്ടായ അധ്വാനം നിമിത്തവും ഭട്ടതിരി വളരെ ക്ഷീണിച്ചിരുന്നതിനാൽ കിടന്നെ ഉടനെ ഉറക്കവുമായി. ഭട്ടതിരി കിടന്നതായ ആ കട്ടിലും പായയും വീട്ടുടമസ്ഥന്റേതായിരുന്നു. അവൻ ഒരു മദ്യപൻ ആയിരുന്നതിനാൽ ഭാര്യയോടു കലഹിച്ച് അന്ന് എവിടെയോ പോയിരുന്നതിനാലാണ് അതൊഴിവായിരുന്നത്.
ഭട്ടതിരി ഉറക്കമായി കുറച്ചുസമയം കഴിഞ്ഞപ്പോൾ മഴ മാറി. മുമ്പിലത്തെപ്പോലെ നിലാവും തെളിഞ്ഞു. ആ സമയം ഒരു സ്ത്രീ പുരയുടെ വാതിൽ തുറന്നു മൂത്രശങ്കയ്ക്കോ മറ്റോ ആയി പുറത്തിറങ്ങി. അപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നതു കണ്ടു. അതു തന്റെ ഭർത്താവാണെന്നും തിരികെ വന്നപ്പോൾ രാത്രി അധികമായതിനാൽ വിളിക്കേണ്ടെന്നു വിചാരിച്ചു കയറിക്കിടന്നതാണെന്നും വിചാരിച്ച് ആ സ്ത്രീയും ഇദ്ദേഹത്തിന്റെ കൂടെ പോയി കിടന്നു. സ്ത്രീ വീട്ടുടമസ്ഥന്റെ ഭാര്യയായിരുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നനഞ്ഞു ബുദ്ധിമുട്ടി ഈറനോടുകൂടി പുതയ്ക്കാനൊന്നുമില്ലാതെ വിറച്ചുകൊണ്ടു കിടന്നിരുന്ന ഭട്ടതിരിക്ക് ഇവളുടെ സഹശയനം ഏറ്റവും സുഖകരമായി ഭവിച്ചു.
തത്ക്കാലം തന്റെ നിശ്ചയങ്ങളെക്കുറിച്ചൊന്നും ഓർമ്മയുണ്ടായതുമില്ല. കിം ബഹുനാ, ഭട്ടതിരി തത്ക്കാലത്തേക്ക് ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. "പ്രായസ്സമാപന്ന വിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.
സുഖാനുഭവങ്ങൾ എല്ലാം കഴിഞ്ഞതിന്റെ ശേഷം ഭട്ടതിരി നക്ഷത്രം നോക്കി സമയം അറിഞ്ഞിട്ട് ആ സ്ത്രീയോട് "നീ ആരാണ്? നിന്റെ ജാതിയെന്താണ്?" എന്നൊക്കെ ചോദിച്ചു. ശബ്ദം കേട്ടപ്പോഴേ ആൾ മാറിയാണെന്ന് അവൾക്ക് മനസ്സിലായുള്ളൂ. ഉടനെ പരിഭ്രമിച്ച് എണീറ്റ് വന്ദിച്ച് അടുക്കൽ നിന്നുംകൊണ്ട് ലജ്ജാവനമ്രമുഖിയായി മന്ദമാകുംവണ്ണം അവൾ "അടിയൻ കണിയാട്ടിയാണ്. ആളറിയാതെ ചെയ്തുപോയ അപരാധത്തെ തിരുമേനി ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴേ ഭട്ടതിരിക്ക് തന്റെ സ്ഥിതിയെക്കുറിച്ച് ഓർമ്മ വന്നുള്ളൂ. "ലിഖിതമപി ലലാടേ പ്രാജ്ഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ധൈര്യത്തോടുകൂടി അദ്ദേഹം പറഞ്ഞു" ആട്ടെ, നീ ഇതുകൊണ്ടു ഒട്ടും പരിഭ്രമിക്കുകയും വ്യസനിക്കയും വേണ്ട. ഇത് ഒരു ഈശ്വരവിധിയാണ്. നീ ഇപ്പോൾ എങ്കൽനിന്നും ഗർഭം ധരിച്ചിരിക്കുന്നു. അതിയോഗ്യനായ ഒരു പുത്രൻ നിനക്ക് ജനിക്കും. അവൻ നിമിത്തം നിനക്കും നിന്റെ കുടുംബത്തിനും ഏറ്റവും അഭ്യുദയവും സിദ്ധിക്കും. ഇതാ അരുണോദയമായിരിക്കുന്നു. ഞാൻ ഇനി ഇവിടെ താമസിക്കുന്നില്ല.
ഈശ്വരേച്ഛയുണ്ടെങ്കിൽ ഇനിയൊരുകാലത്തു ഞാൻ ഇവിടെ വന്നുകണ്ടുകൊള്ളാം" എന്നും താൻ ആരാണെന്നുള്ള വിവരവും പറഞ്ഞതിന്റെ ശേഷം വെളുപ്പാൻകാലത്തുതന്നെ ഭട്ടതിരി അവിടെനിന്നു പോവുകയും ചെയ്തു.
പിന്നീട് കുറെ കാലങ്ങൾക് ശേഷം വീണ്ടും പടിപ്പുരയിൽ തിരിച്ചെത്തിയ ഭട്ടതിരി ജീവാവസാനംവരെ ആ കണിയാന്റെ പടിപ്പുരയിൽത്തന്നെ താമസിക്കുകയും ജ്യോതിശ്ശാസ്ത്രസംബന്ധമായി അനേകം സംഗതികൾ തന്റെ പുത്രന് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. താൻ മരിച്ചാൽ ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു കൊള്ളണമെന്നും, ആ സ്ഥലത്തിരുന്നു പ്രശ്നംവച്ചു പറയുന്നതെല്ലാം സൂക്ഷ്മമായിരിക്കുമെന്നും ഭട്ടതിരി ജീവിച്ചിരുന്നപ്പോൾത്തന്നെ പറഞ്ഞിരുന്നതുപോലെതന്നെ അദ്ദേഹം മരിച്ചതിന്റെ ശേഷം ശവം ആ പടിപ്പുരയിൽത്തന്നെ സ്ഥാപിച്ചു. അതിന്റെ ശേഷം അവിടെയിരുന്നല്ലാതെ പ്രശ്നം വെയ്ക്കുകയില്ലെന്ന് ഏർപ്പാടുംവച്ചു. ഇതിനാലാണ് പാഴൂർപടിപ്പുരപ്രശ്നത്തിനു വിശേഷവും പ്രസിദ്ധിയുമുണ്ടായത്. ഈ പടിപ്പുരകൂടാതെ അവിടെ വേറെയും പടിപ്പുരയുണ്ട്. അതിനു മാഹാത്മ്യമുണ്ടാകുന്നതിനു വേറെ കാരണവുമുണ്ട്. അതും താഴെ പറഞ്ഞുകൊള്ളുന്നു.
പാഴൂർ കണിയാരുടെ അവിടെ പടിപ്പുര മൂന്നുണ്ട്. അവയിൽ ഒന്ന് കണീയാരുടെ വാസഗൃഹത്തിന്റെ തെക്കുവശത്തു നദീതീരത്താണ്. അവിടെവച്ചാണ് ഭട്ടതിരിയും കണിയാട്ടിയുംകൂടി സഹശയനമുണ്ടായിട്ടുള്ളത്. ആ അത്ഭുതസംഗതിയുടെ സ്മാരകമായിട്ട് ആ സ്ഥലം ഇപ്പോഴും കെട്ടിസൂക്ഷിച്ച് ഇട്ടിരിക്കുന്നു എന്നല്ലാതെ ആ സ്ഥലത്തെ യാതൊരു കാര്യത്തിനും ഉപയോഗപ്പെടുത്താറില്ല പിന്നെ രണ്ടു പടിപ്പുരകളുള്ളത് ഗൃഹത്തിന്റെ കിഴക്കുവശത്തു കിഴക്കും പടിഞ്ഞാറുമായി പടിപ്പുര സ്ഥാനത്തു തന്നെയാണ്. അവയിൽ പടിഞ്ഞാറുള്ള പടിപ്പുരയിലാണ് ഭട്ടതിരിയുടെ മൃതശരീരം സ്ഥാപിച്ചിട്ടുള്ളത്. കണിയാർ അവിടെയിരുന്നാണ് ഇന്നും രാശിവയ്ക്കുകയും ഒഴിവു കാണുകയും ചെയ്യുന്നത്. പ്രസിദ്ധമായ പടിപ്പുരയും അതുതന്നെയാണ്. പ്രശ്നത്തിന്റെ ഫലം പറയുന്നതിന് ആ പടിപ്പുരയിലും അതിന്റെ കിഴക്കുവശത്തുള്ള പടിപ്പുരയിലുമിരിക്കാറുണ്ട്. സാക്ഷാൽ പടിപ്പുരയുടെ കിഴക്കുവശത്തുള്ള പടിപ്പുരയ്ക്കും മാഹാത്മ്യം ഒട്ടും കുറവില്ല. ആ പടിപ്പുരയ്ക്കു മാഹാത്മ്യം ഉണ്ടായതിന്റെ കാരണമാണ് ഇവിടെ പറയാൻപോകുന്നത്.
ഭട്ടതിരിയുടെ അനുഗ്രഹവും മാഹാത്മ്യവുംകൊണ്ടും ശാസ്ത്രജ്ഞതകൊണ്ടും പാഴൂർകണിയാർ ഏറ്റവും പ്രസിദ്ധനായിത്തീർന്ന തിന്റെ ശേഷം അവനെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു ബുധശുക്രന്മാർ ബ്രാഹ്മണവേഷം ധരിച്ചു കണിയാരുടെ അടുക്കൽ ചെന്നു. അവർ ചെന്നിരുന്നത് ആ കിഴക്കേ അറ്റത്തുള്ള പടിപ്പുരയിലാണ്. രണ്ടു ബ്രാഹ്മണർ തന്നെ കാണാനായി വന്നിരിക്കുന്നു എന്നു കേട്ടയുടനെ കണിയാർ പടിപ്പുരയ്ക്കൽ ചെന്ന് ആദരപൂർവം വന്ദിച്ച് ആഗമന കാരണത്തെ ചോദിച്ചു. അപ്പോൾ ബ്രാഹ്മണർ "ഇപ്പോൾ ബുധശുക്രന്മാർ ഏതു രാശിയിലാണെന്നറിഞ്ഞാൽ കൊള്ളാമെന്നു വിചാരിച്ചാണ് ഞങ്ങൾ വന്നത്" എന്നു പറഞ്ഞു. ഉടനെ കണിയാർ പഞ്ചാംഗമെടുത്തു നോക്കി. ഇന്നിന്ന രാശികളിലാണെന്നു പറഞ്ഞു.
ബ്രാഹ്മണർ: അതുകൊണ്ടു മതിയായില്ല. ഗ്രഹങ്ങളെ ഗണിക്കാനും മറ്റും ഞങ്ങളും കുറേശ്ശെ വശമാക്കീട്ടുണ്ട്. ഞങ്ങൾ ഗണിച്ചിട്ട് അങ്ങനെയല്ല കണ്ടത്. അതിനാൽ കണിയാർ ഒന്നു ഗണിച്ചു നോക്കിത്തന്നെ പറയണം."
കണിയാർ: ഗണിച്ചുനോക്കാനൊന്നുമില്ല. ഈ പഞ്ചാംഗം അടിയൻ സൂക്ഷ്മമായി ഗണിച്ചിട്ടുള്ളതാണ്.
ബ്രാഹ്മണർ: ഈ പഞ്ചാംഗം അത്ര സൂക്ഷ്മമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല. കണിയാർ ഒന്നു ഗണിച്ചുനോക്കിത്തന്നെ പറയണം.
ഇങ്ങനെ ബ്രാഹ്മണർ നിർബന്ധിച്ചതിനാൽ കണിയാർ ബുധശുക്രന്മാരെ ഗണിച്ചുനോക്കി. അപ്പോൾ പഞ്ചാംഗത്തിലുള്ളതു പോലെയല്ല കണ്ടത്. ഉടനെ ബ്രാഹ്മണർ, "പഞ്ചംഗം ശരിയല്ലെന്നു ഞങ്ങൾ പറഞ്ഞത് ഇപ്പോൾ സമ്മതമായില്ലേ? എന്നാൽ ഇപ്പോൾ ഗണിച്ചതും നല്ല ശരിയായെന്നു തോന്നിന്നില്ല. കണിയാർ നല്ലപോലെ മനസ്സിരുത്തി ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. കണിയാർ വീണ്ടും ഗണിക്കാൻ തുടങ്ങി. അപ്പോൾ ബ്രാഹ്മണർ മുമ്പിരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു മാറി ഇരുന്നു. കണിയാർ രണ്ടാമത് ഗണിച്ചപ്പോൾ പഞ്ചാംഗത്തിലുള്ളതുപോലെയും ആദ്യം ഗണിച്ചതുപോലെയുമല്ല കണ്ടത്. അപ്പോൾ ബ്രാഹ്മണർ "ഇതും ശരിയായില്ല. ഒന്നുകൂടി ഗണിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ കണിയാർ പല പ്രാവശ്യം ഗണിക്കയും ഗണിക്കാൻ തുടങ്ങുമ്പോൾ ബ്രാഹ്മണർ മാറിമാറി ഇരിക്കയാൽ ബുധശുക്രന്മാരുടെ സ്ഥിതി മാറിമാറി കാണുകയും ചെയ്തു. ഇപ്രകാരം അനേക തവണയായപ്പോൾ ഈ വന്നിരിക്കുന്നവർ കേവലം ബ്രാഹ്മണരല്ലെന്നും ബുധശുക്രന്മാർ തന്നെ പരീക്ഷിക്കാനായി വേഷം മാറി വന്നിരിക്കുകയാണെന്നും മനസ്സിലാക്കിയിട്ട് കണിയാൻ "അടിയൻ ഒരു ഗ്രന്ഥം ഒന്നു നോക്കാനുണ്ട്. അതു നോക്കി ഗണിച്ചാൽ ഒരിക്കലും തെറ്റുകയില്ല. അതു വിശേഷപ്പെട്ട ഗണിതശാസ്ത്രഗ്രന്ഥമാണ്, അകത്തു ചെന്ന് അതുകൂടി എടുത്തുകൊണ്ടുവന്നിട് ഇനി ഗണിക്കാം. അതുവരെ തമ്പുരാക്കന്മാർ ഇവിടെ ഇരിക്കണം" എന്നു പറഞ്ഞു. അങ്ങനെയാവാമെന്നു ബ്രാഹ്മണർ സമ്മതിച്ചപ്പോൾ വീണ്ടും കണിയാർ "അങ്ങനെ കല്പിച്ചതുകൊണ്ടു മതിയായില്ല. ഇതിനെ തീർച്ചയാക്കാതെ എഴുന്നള്ളിക്കളഞ്ഞെങ്കിൽ അടിയനു വലിയ കുറച്ചിലായിട്ടു തീരും. അതിനാൽ തിരിച്ചുവന്നല്ലാതെ എഴുന്നള്ളുകയില്ലെന്നു സത്യം ചെയണം" എന്നു പറഞ്ഞു. അപ്രകാരം ബ്രാഹ്മണർ സത്യം ചെയ്യുകയും കണിയാൻ അകത്തുചെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. കണിയാൻ തിരിച്ചുവരാതെ പോകാൻ പാടില്ലാത്തതിനാൽ ബുധശുക്രന്മാർ ആ പടിപ്പുരയിൽത്തന്നെ ലയിക്കുകയും ചെയ്തു. അതിനാൽ ആ പടിപ്പുരയിൽ ബുധശുക്രന്മാരുടെ സാന്നിദ്ധ്യം ഇന്നും ഉണ്ടെന്നാണ് വിശ്വാസം. ഇപ്രകാരമാകുന്നു ആ പടിപ്പുരയ്ക്കും മാഹാത്മ്യം സിദ്ധിച്ചത്. "
കാലത്തേ അതിജീവിച്ച പാഴൂർ പടിപ്പുര ഇപ്പോളും നില കൊള്ളുന്നു .എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തു മുവാറ്റുപുഴയാറിന്റെ തീരാത്ത ഇപ്പോളും സ്ഥിതി ചെയുന്നു.ഐതിഹ്യമാലയിൽ ഇതിന് മുൻപ് വായിച്ചിട്ടുണ്ട് എങ്കിലും ഇൻറർനെറ്റിൽ കണ്ട ഒരു ബ്ലോഗ് ആണ് എന്നെ പടിപ്പുര വിസിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് .ബ്ലോഗിൽ നിന്ന് കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപെട്ടപ്പോൾ രണ്ട് മാസത്തേക്കുള്ള അപ്പോയ്ന്റ്മെന്റ് ആൾറെഡി ബുക്ഡ് ആണ് എന്ന മറുപടിയാണ് ലഭിച്ചത്.അത്രക് തിരക്കുള്ള സ്ഥലം ആണെങ്കിൽ അവിടെ അന്ത ഇത്ര പ്രേത്യേകത എന്ന് നേരിട്ട് അറിയണം എന്ന് തന്നെ ഉറപ്പിച്ചു രണ്ട് മാസം കഴിഞ്ഞുള്ള ഡേറ്റിൽ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തു.ഇത്തരം കാര്യങ്ങളിൽ എന്നെ പോലെ തന്നെ താല്പര്യമുള്ള ഒരു സുഹൃത്തുമായി ഞാൻ അവിടെ ചെന്നു.മറ്റെതാനും പേർ അവിടെ ഉണ്ടായിരുന്നു .ബാംഗ്ലൂർ ൽ സെറ്റിൽ ആയ ഒരു മലയാളി ആയിരുന്നു ആദ്യ ആൾ .ഞങ്ങളെ പോലെ തന്നെ ഇൻറർനെറ്റിൽ നിന്ന് കേട്ടറിഞ് വന്നതായിരുന്നു അദ്ദേഹം.മുവാറ്റുപുഴയിൽ നിന്ന് വന്ന ഒരു ചേച്ചിയും ഭർത്താവും ,തൃശൂർ നിന്ന് വന്ന ഒരു അമ്മയും മകനും എന്നിവരായിരുന്നു മറ്റുള്ളവർ .മുവാറ്റുപുഴയിൽ നിന്ന് വന്ന ചേച്ചിയും ഭർത്താവും മുൻപ് ഒരുപാട് തവണ ഇവിടെ വന്നിട്ടുള്ളതാണ് എന്ന് അവർ പറഞ്ഞു.ഇവിടെ നിന്ന് പറഞ്ഞ ഓരോ കാര്യവും അത്പോലെ തന്നെ നടന്നിട്ടുണ്ട് അണ്ണൻ അവർ പറഞ്ഞത് .ഒരുപാട് സമയം എടുത്താണ് ഓരോരുത്തരെയും കാണുന്നത് .അ സമയം ഒകെ അവിടെ മുഴുവൻ ചുറ്റി നടന്ന് കാണാൻ പറ്റി .വളരെ പഴക്കമുള്ള ഒരു നാലുകെട്ട് അതിനോട് ചേർന്ന തന്നെ പുതിയ രീതിയിൽ പണി കഴിപ്പിച്ച ഒരു വീട് .നാലുകെട്ടിന് 700 വർഷത്തെ പഴക്കമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.ഭട്ടതിരിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളായ 17 പേരുടെയും കല്ലറ ഇപ്പോളും അവിടെ കാണാം .സുരേന്ദ്രൻ എന്ന ആളാണ് ഇ തലമുറയിലെ ജ്യോൽസ്യൻ .കാണാൻ വരുന്ന എല്ലാവരും ഭട്ടതിരിയുടെ സമാധിയിൽ വെറ്റിലയും പാക്കും വെച്ച നമസ്കരിക്കണം . എത്ര വെറ്റില ആണ് കൊണ്ട് വന്നത് എന്നത് കൂടി കണക്കാക്കിയാണ് ഫലം പറയുന്നത് .ഉച്ചക് ശേഷമാണ് എനിക്കും സുഹൃത്തിനും അകത്തു കയറാൻ അവസരം കിട്ടിയത് .പറഞ്ഞ കാര്യങ്ങളിൽ ചിലത് ശെരി ആയിരുന്നു , ചില തെറ്റുകളും .ഇതിന് മുൻപും ഇത്തരം സ്ഥലങ്ങൾ ഞാനും എന്റെ സുഹൃത്തും സന്ദർശിച്ചിട്ടുണ്ട് .അവിടെ നിന്നെല്ലാം വ്യത്യസ്തമായി ഞങ്ങള്ക് തോന്നിയ ഒരു കാര്യം ,പ്രവചനങ്ങൾ കൂടുതലും സ്പെസിഫിക് ആയിരുന്നു എന്നുള്ളതാണ് .മറ്റു പല ഇടങ്ങളിലും കണ്ടിട്ടുള്ള പോലെ അവിടെയും ഇവിടെയും തൊടാതെ ഓരോന് പറയുന്ന രീതി ആയിരുന്നില്ല .പിന്നെ കൊടുക്കുന്ന തുക എത്ര ചെറുതായാലും അതിൽ പരാതിയുമില്ല .ജ്യോൽസ്യത്തിൽ പ്രേത്യേകിച് വിശ്വാസമൊന്നുമുള്ള ആളല്ല ഞാൻ . ഇത്തരം കാര്യങ്ങളുടെ സത്യം അറിയാൻ ഏതാനും യാത്രകൾ നടത്തിയിട്ടുണ്ട് എന്ന് മാത്രം .എന്റെ അനുഭവങ്ങളിൽ നിന്ന് എനിക്ക് മനസിലായത് മനസ് ആണ് നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത് എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം പ്രവചനങ്ങളിൽ വിശ്വസിക്കുവർക് അത് സത്യമായി വരും.അല്ലാത്തവർക് അല്ലാതെയും വരും .
നമ്മുടെ സംസ്കാരത്തോടും ചരിത്രങ്ങളോടും ഇഴുകി ചേർന്ന് കിടക്കുന്ന ഇത് പോലെയുള്ള സ്ഥലങ്ങളും മിത്തുകളും നമ്മുടെ നാടിന്റെ അഭിഭാജ്യ ഘടകങ്ങളാണ് ................