A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അപ്പോത്തിക്കെരി


ഭിഷഗ്വരൻ എന്ന അർഥത്തിലുള്ള ഒരു പദമാണ് അപ്പോത്തിക്കെരി. മധ്യകാലങ്ങളിൽ ഔഷധങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെയാണ് ഇംഗ്ലണ്ടിലും സ്കോട്ട്‌ലണ്ടിലും അയർലണ്ടിലും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. സാധനങ്ങൾ സൂക്ഷിക്കപ്പെടുന്ന സ്ഥലം എന്നർഥമുള്ള അപ്പോത്തിക്കെ (Apotheke) എന്ന ഗ്രീക്കുവാക്കിൽ നിന്നാണ് അപ്പോത്തിക്ക(ക്കി)രി എന്ന വാക്കിന്റെ ഉദ്ഭവം. കേരളത്തിലെന്നപോലെ പാശ്ചാത്യരാജ്യങ്ങളിലും ഇവർ വൈദ്യവൃത്തി അവലംബിച്ചവരായിരുന്നു.
ആദ്യകാല ഭിഷഗ്വരന്മാർ
ആദ്യകാല ഭിഷഗ്വരന്മാർ ആ കാലഘട്ടത്തിലെ ബുദ്ധിജീവികളായിരുന്ന പുരോഹിതരും അധ്യാപകരും തത്ത്വജ്ഞാനികളുമായിരുന്നു. ചില ചെടികൾക്കു മുറിവ് ഉണക്കാനുള്ള കഴിവുണ്ടെന്ന് അവർ മനസ്സിലാക്കിയതോടെ, ചികിത്സാരീതിയിൽ അല്പം പുരോഗതിയുണ്ടായി. ഔഷധഗുണമുള്ള ചെടികളെ കണ്ടുപിടിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയുമായിരുന്നു അവർ ചെയ്തത്. കാലംചെന്നതോടെ ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ അപ്പോത്തിക്കരിമാർ എന്ന പേരിൽ അറിയപ്പെട്ടു. അപ്പോത്തിക്കരിമാർ പുസ്തകങ്ങളിൽ നിന്നും മറ്റും ലഭിച്ച അറിവിനെ ആധാരമാക്കി പരാശ്രയംകൂടാതെ ഗുളികകളും മറ്റും നിർമ്മിക്കുവാൻ തുടങ്ങി. ഇവർക്ക് പ്രത്യേകമായ അളവുസമ്പ്രദായങ്ങൾ ഉണ്ടായിരുന്നു (Apothecaries weight & measure).
തുടക്കത്തിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്ന അപ്പോത്തിക്കരിമാർ കാലംചെന്നതോടെ രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനും തുടങ്ങി. റോയൽ കോളജ് ഒഫ് ഫിസിഷ്യൻസിന്റെ അറിവോ സമ്മതമോ കൂടാതെ അനധികൃതമായാണ് ഇത് ആരംഭിച്ചത്. 1665-ലെ പ്ലേഗ് ആക്രമണസമയത്ത് ഭിഷഗ്വരന്മാരെല്ലാം ലണ്ടൻ നഗരം വിടുകയുണ്ടായി. എന്നാൽ അപ്പോത്തിക്കരിമാർ നഗരത്തിൽ തന്നെ താമസിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. 1704-ൽ പ്രഭുസഭ അപ്പോത്തിക്കരിമാർക്ക് ഒരു അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെതന്നെ രോഗികളെ ചികിത്സിക്കുവാനുള്ള അനുവാദം നൽകുകയുണ്ടായി. എന്നാൽ മരുന്നുകൾക്കുള്ള വില ഈടാക്കാനല്ലാതെ പരിശോധനയ്ക്കുള്ള ഫീസ് വാങ്ങാൻ ഇവരെ അനുവദിച്ചിരുന്നില്ല. 1774-ൽ സൊസൈറ്റി ഒഫ് അപ്പോത്തിക്കരീസ് വൈദ്യവൃത്തി ചെയ്യുന്നവരെ മാത്രം സൊസൈറ്റിയിൽ അംഗങ്ങളാക്കിയാൽ മതി എന്നൊരു പ്രമേയം പാസ്സാക്കുകയുണ്ടായി. 1815-ൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ഒരു നിയമപ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള എല്ലാ അപ്പോത്തിക്കരിമാരെയും പരിശോധിക്കാനും, അവർക്ക് അംഗീകാരം നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കാനും അപ്പോത്തിക്കരിമാരുടെ സൊസൈറ്റിയെ അധികാരപ്പെടുത്തുകയുണ്ടായി. ഈ നിയമം അതുവരെ പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പഠനക്രമമില്ലാതിരുന്ന വൈദ്യശാസ്ത്രപഠനത്തിന് ഒരു ഉത്തേജനം നൽകുകയുണ്ടായി. 19-ആം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രപഠനത്തിനും വൈദ്യവൃത്തിക്കും ഒരു പ്രത്യേക പദവിയും അംഗീകാരവും നേടിയെടുക്കുന്നതിൽ അപ്പോത്തിക്കരിമാർ ചെയ്ത സേവനങ്ങൾ പ്രത്യേകം ശ്രദ്ധാർഹമാണ്.
പരിഷ്കൃതകാലഘട്ടത്തിൽ ഫാക്ടറികളും മറ്റും മരുന്നുകൾ ഉത്പാദിപ്പിക്കാൻ ആരംഭിച്ചതോടെ അപ്പോത്തിക്കരി എന്ന വിഭാഗം ഏതാണ്ട് അപ്രത്യക്ഷമായി എന്നു പറയാം