A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാലാധീതനായ കലാം







ഭാരതത്തിലെ കുട്ടികളെ സ്വപ്നം കാണാനും അത് പ്രാവർത്തികമാക്കാനും പഠിപ്പിച്ചത് കലാമാണ്.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രവും ക്ഷേത്രനഗരവുമായ രാമേശ്വരം ദ്വീപിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലാണ് 1931 ഒക്‌ടോബര്‍ 15ന് എ.പി.ജെ. അബ്ദുള്‍ കലാം ജനിച്ചത്.
ജനകീയനായ രാഷ്ട്രപതി, രാജ്യത്തെ ബഹിരാകാശ യുഗത്തിലേക്ക് നയിച്ച ശാസ്ത്രജ്ഞന്‍, സ്വപ്ന ദര്‍ശിയായ രാജ്യസ്‌നേഹി, ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ രാഷ്ട്രശില്‍പി, ഇന്ത്യയുടെ മിസൈൽ മാൻ , വിജ്ഞാനകുതുകികളായ കുട്ടികളെ സ്‌നേഹിച്ച അധ്യാപകന്‍, പ്രതിഭാധനനായ എഴുത്തുകാരന്‍, ലാളിത്യത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഉപാസകന്‍ ഇവയെല്ലാം ഒന്നിച്ച് ചേര്‍ന്ന അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ‘സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത്’ എന്ന തന്റെ വാക്കുകളുടെ നേര്‍സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതം.

ചെറുപ്പത്തിലേ പഠനം സപര്യയാക്കിയ കലാം വീട്ടില്‍ മണ്ണെണ്ണവിളക്കിന് മുന്നിലിരുന്നാണു പഠിച്ചത്. ഷെവാര്‍ഡ്‌സ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ തുഴയേന്തുന്ന പിതാവിന് തുണയേകാന്‍ പത്രവില്‍പ്പനക്കാരന്റെ ജോലിയും അദ്ദേഹം ചെയ്തു.
ഓടുന്ന തീവണ്ടിയില്‍നിന്നു പുറത്തേക്ക് എറിഞ്ഞ് കൊടുക്കുന്ന പത്രക്കെട്ടുകള്‍ പെറുക്കി വിതരണം ചെയ്താണ് പഠിക്കാന്‍ പണം കണ്ടെത്തിയത്. ലോകത്തിനായി 1094 കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വ എഡിസണും പത്രവിതരണക്കാരനായാണ് തുടക്കം കുറിച്ചത്. എഡിസണ്‍ കണ്ടുപിടിച്ച തെരുവുവിളക്കിന്റെ (ബള്‍ബ്) പ്രകാശത്തിലിരുന്നാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന എബ്രഹാം ലിങ്കണ്‍ പഠിച്ചത്.
കര്‍മഭൂമി കേരളം
ജന്മംകൊണ്ട് തമിഴനാണെങ്കിലും കര്‍മം കൊണ്ട് കേരളീയനായിരുന്നു കലാം. വിക്രം സാരാഭായിയുടെ അരുമശിഷ്യനായും സഹപ്രവര്‍ത്തകനായും ഐ.എസ്.ആര്‍.ഒ. യില്‍ എത്തിയത് മുതല്‍ അദ്ദേഹത്തിന്റെ കര്‍മഭൂമി കേരളമായിരുന്നു. ദീര്‍ഘകാലം തിരുവനന്തപുരത്തിന്റെ പുത്രനായി ജീവിച്ച കലാം മലയാളത്തെ മനസാവരിച്ച സ്‌നേഹനിധിയായിരുന്നു. വിക്രം സാരാഭായിക്ക് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തെ മുന്നോട്ടു നയിച്ച അദ്ദേഹം ഈ രംഗത്ത് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും അണിയറ ശില്‍പിയായിരുന്നു. ഉറവ വറ്റാത്ത നൂതന ആശയങ്ങളുടെയും തളരാത്ത ബുദ്ധിവൈഭവത്തിന്റെയും ജ്വലിക്കുന്ന ആത്മവിശ്വാസത്തിന്റെയും അതുല്യ പ്രതീകമായിരുന്ന അദ്ദേഹം അവസാനശ്വാസംവരെ രാജ്യത്തിന്റെ ശാസ്ത്രപുരോഗതിയും അതുവഴിയുള്ള സാധാരണ ജനങ്ങളുടെ ഉയര്‍ച്ചയും സ്വപ്നം കണ്ടു.
തുമ്പയില്‍
വിക്രം സാരാഭായ് കലാമിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് തുമ്പയില്‍ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അരനൂറ്റാണ്ടിനു മുമ്പ് പരിമിതികളുടെ പള്ളിമുറിയില്‍നിന്നാണ് കലാം റോക്കറ്റ് നിര്‍മാണ പരീക്ഷണത്തിലേര്‍പ്പെടുന്നത്. യന്ത്രഭാഗങ്ങള്‍ കൊണ്ട്‌പോകാന്‍ സൈക്കിളും കാളവണ്ടിയും ഉപയോഗിക്കേണ്ടിവന്ന അക്കാലത്തും കലാം അതിരുകളില്ലാതെ വളരുന്ന ഇന്ത്യ സ്വപ്നം കണ്ടു. അവിടെ നിന്നാണ് ആദ്യ റോക്കറ്റായ നെക് – അപാഷെയ്ക്ക് തുടക്കം കുറിച്ചത്. 1963 നവമ്പറില്‍ അപാഷെ കുതിച്ചുയര്‍ന്നു. ഭാരതത്തിന്റെ ‘മിസൈല്‍ മാനി’ലേക്കുള്ള കലാമിന്റെ കുതിപ്പ്. പിന്നീട് വിക്രം സാരാഭായിയുടെ നിര്‍ദ്ദേശപ്രകാരം സാറ്റലൈറ്റ് റോക്കറ്റുകളുടെ നിര്‍മാണത്തിലേക്ക് കടന്നു. പന്ത്രണ്ട് വര്‍ഷത്തെ കഠിനതപസ്യയുടെ ഫലമായി എസ്.എല്‍.വി. മൂന്ന് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് തയാറായി. അത് പരാജയമായിരുന്നെങ്കിലും അതില്‍നിന്ന് ആത്മവീര്യം പകര്‍ന്ന് കലാം 1980 ജൂലായ് 17 ന് എസ്.എല്‍.വി. രോഹിണി എന്ന ക്രിത്രിമോപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. ആ വിജയം കലാമിനും രാജ്യത്തിനും മാറ്റ് കൂട്ടി. അതോടെ അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിച്ചു. ‘അഗ്‌നി, പൃഥ്വി, നാഗ്, ത്രിശ്ശൂല്‍, ആകാശ്’ എന്നീ മിസൈലുകളുടെ നിര്‍മ്മാണത്തോടെ ശാസ്ത്ര സാങ്കേതിക രംഗത്ത് കലാമിലൂടെ ഇന്ത്യ കുതിച്ചു.
ജനങ്ങളുടെ രാഷ്ട്രപതി
രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി 2002 ല്‍ സത്യപ്രതിജ്ഞ ചെയ്തശേഷം തന്റെ ജനകീയ നയങ്ങളാല്‍ ‘ജനങ്ങളുടെ രാഷ്ട്രപതി’ എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടത് രാജ്യത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിലൂടെയാണ്. ജനകോടികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുക മാത്രമല്ല അവസാനംവരെയും പുതിയ സ്വപ്നങ്ങളുടെ പിന്നാലെ യാത്രചെയ്യുകയുമായിരുന്നു അദ്ദേഹം ചെയ്തത്. സ്വപ്നം കാണാനും ആ സ്വപ്നങ്ങളിലേക്ക് അഗ്നിയില്‍ മുളച്ച ചിറകുകള്‍ കൊണ്ട് പറന്നെത്താനുംപഠിപ്പിച്ച കലാം അവസാനിക്കാത്ത സ്വപ്നങ്ങളെക്കുറിച്ച് എപ്പോഴും വാചാലനായിരുന്നു. ചന്ദ്രനില്‍ ക്യാമ്പ് ചെയ്ത് ചൊവ്വയില്‍നിന്ന് ധാതുഖനം നടത്താനും ബഹിരാകാശത്ത്‌നിന്ന് സൗരോര്‍ജം കൊണ്ടുവരാനുമുള്ള സ്വപ്നമായിരുന്നു അവസാനത്തേത്. നടക്കാത്ത ആശയമെന്ന് തോന്നുമെങ്കിലും രാജ്യം ചന്ദ്രനില്‍ എത്തിയതിനു പിന്നില്‍ ഈ ശാസ്ത്ര പ്രതിഭയുടെ സ്വപ്നവുമുണ്ടായിരുന്നുവെന്നോര്‍ക്കണം. ഇതിഹാസസമാനമായ സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ നിന്നായിരുന്നു സ്വപ്നം കാണൂ എന്ന് കലാം പറഞ്ഞുകൊണ്ടിരുന്നത്.
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെങ്കില്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രാഷ്ട്രശില്‍പ്പിയായിരുന്നു അബ്ദുള്‍ കലാം. രാഷ്ട്രപതിമാരുടെ പതിവ് രീതികളില്‍ നിന്ന് വിട്ടുമാറി ലോകത്തിനാകെ വിജ്ഞാനം പകര്‍ന്ന്‌കൊണ്ട് സഞ്ചരിച്ച അദ്ദേഹം രാഷ്ട്രശില്‍പി എന്ന പദത്തിന് കൂടുതല്‍ അര്‍ഥവ്യാപ്തി നല്‍കി. കര്‍മബഹുലമായ ഔദ്യോഗികജീവിതത്തിനിടയിലും ആര്‍ഭാടങ്ങളോടും അധികാരത്തിന്റെ സ്വാഭാവിക വര്‍ണ്ണപ്പകിട്ടുകളോടും വിമുഖതകാട്ടിയ അദ്ദേഹത്തിന് സഹജമായ സൗമ്യതയും സാത്വികതയും മാത്രമായിരുന്നു കൂട്ടുണ്ടായിരുന്നത്. രാഷ്ട്രപതിഭവനില്‍പ്പോലും ലാളിത്യത്തിന്റെ അവതാരമായി ജീവിച്ച ഈ മഹാമനീഷി ലോകത്തിലെ അപൂര്‍വ്വജീവിതങ്ങളില്‍ ഒന്നാണ്. വരും കാലത്ത് ഇന്ത്യ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് കലാമിനെയായിരിക്കും.
ആ രണ്ടു പെട്ടികള്‍
ഇന്ത്യയുടെ പ്രഥമപൗരനായി അദ്ദേഹം രാഷ്ട്രപതിഭവനിലെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്നത് രണ്ട് പെട്ടികളും ഒരു രുദ്രവീണയും മാത്രമായിരുന്നു. തിരിച്ച് പടിയിറങ്ങിയപ്പോഴും രണ്ട് പെട്ടികള്‍ മാത്രം. വസ്ത്രങ്ങളും പുസ്തകങ്ങളുമല്ലാതെ പെട്ടിയില്‍ മറ്റൊന്നുമില്ലായിരുന്നു. ലളിതമായ ആ ജീവിതത്തിന്റെ അന്ത്യയാത്രയും വെറും കൈയ്യോടെയായിരുന്നു എന്നത് വരും തലമുറകള്‍ക്ക് പഠിക്കാനുള്ള വലിയൊരു പാഠപുസ്തകമാണ്.
സ്വപ്നം ലക്ഷ്യം
‘സ്വപ്നം കാണുക’ എന്നത് യുവാക്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു വാക്യമാണ്. എന്നാല്‍ ചെറുപ്പത്തിലെ സ്വപ്നം കാണാനുള്ള ഊര്‍ജം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളോട് അദ്ദേഹം പറഞ്ഞത്, വളരെയധികം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍നിന്നു മഹത്തരമായ സ്വപ്നങ്ങള്‍ കണ്ട് ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ച മാഡം ക്യൂറിയെയും എം.എസ്. സുബ്ബലക്ഷ്മിയെയും പി.ടി. ഉഷയെയും മേരികോമിനെയും കുറിച്ച് വായിക്കാനാണ്. സ്വപ്നം കാണാതിരുന്നാല്‍ വിപ്ലവകരമായ ചിന്തകള്‍ രൂപംകൊള്ളുകയില്ല. ചിന്തകളില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളുമില്ല. അത്‌കൊണ്ട് മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്വപ്നം കാണാന്‍ അനുവദിക്കണം. സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള ശ്രമമാണ് എല്ലായ്‌പ്പോഴും വിജയത്തിലേക്ക് നയിക്കാറുള്ളത്.
പുസ്തകം സ്വത്ത്
കലാമിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച നാല് പുസ്തകങ്ങളാണുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയാണ്. തത്വചിന്തകനായി മാറിയ ഭിഷഗ്വരനും നോബല്‍ സമ്മാനജേതാവുമായ ഡോ: അലക്‌സിസ് കാരല്‍ എഴുതിയ 'മാൻ ദി അൺ നോൺ' അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. ശരീരവും മനസും അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രണ്ടിനേയും ഒരുപോലെ ചികിത്സിക്കേണ്ടതിനെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഒന്നിനെ മാത്രം ചികിത്സിച്ച് മറ്റേതിനെ അവഗണിക്കാന്‍ പാടില്ല. ഡോക്ടര്‍മാരാകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണമെന്ന് കലാം ഉപദേശിക്കുന്നു. തിരുവള്ളുവരുടെ ‘തിരുക്കുറള്‍’ ആണ് അദ്ദേഹത്തിന് ഹൃദ്യമായ മറ്റൊരു ഗ്രന്ഥം. അതിമഹത്തായൊരു ജീവിതപദ്ധതി അതില്‍ വിവരിക്കുന്നു. ‘പല ദീപങ്ങളിലെ പ്രകാശം’ ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്ന് എന്ന് പറഞ്ഞ കലാമിന്റെ വാക്കുകളില്‍ നൂറുനൂറു വിജ്ഞാനദീപങ്ങളുടെ നിറവും തിളക്കവും നിഴലും നിലാവും മാറിമാറി ജ്വലിച്ചിരുന്നു. തലമുറകളിലൂടെ നീളുന്ന വഴിവെളിച്ചമായിരുന്നു അത്.
ഗുരുവരം
ബ്രഹ്മപ്രകാശ്, ഹോമിജഹാംഗീര്‍ ഭാഭ, ആര്‍. വെങ്കട്ടരാമന്‍, രാജ രാമണ്ണ, സതീഷ് ധവാന്‍, ടിപ്പു സുല്‍ത്താന്‍, വിക്രം സാരാഭായ്, വെര്‍ണര്‍ വോണ്‍ ബ്രൗണ്‍ എന്നിവര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ ഏറെ സ്വാധീനിച്ച മഹത്തുക്കളാണ്.’ഒരു നല്ല അധ്യാപകനായാണ് ജനങ്ങള്‍ തന്നെ ഓര്‍മ്മിക്കുന്നതെങ്കില്‍ അതായിരിക്കും തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി’ എന്ന് 2013 സെപ്തംബറില്‍ ഒരഭിമുഖത്തില്‍ മൊഴിഞ്ഞ ആ വിനിയാന്വിതന്‍, രാഷ്ട്രപതിഭവനില്‍ തന്റെ മുന്‍ഗാമിയും ദാര്‍ശനികനുമായിരുന്ന ഡോ: എസ്. രാധാകൃഷ്ണനെപ്പോലെ അതിപ്രഗല്‍ഭനായ അധ്യാപകന്‍ തന്നെയാണ്.
കാലവഴി
1931 ഒക്‌ടോബര്‍ 15 : തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനനം.
മുഴുവന്‍ പേര് : അവൂല്‍ പക്കീര്‍ ജയ്‌നുലാബ്ദീന്‍
അബ്ദുള്‍ കലാം
പിതാവ് : ജയ്‌നുലാബ്ദീന്‍
മാതാവ് : അഷ്യാമ്മ
വിദ്യാഭ്യാസം : സ്‌കൂള്‍ : രാമേശ്വരം എലിമെന്ററി സ്‌കൂള്‍, ഷ്വാര്‍ട്‌സ് ഹൈസ്‌കൂള്‍, രാമനാഥപുരം
കോളേജ് : 1954 ല്‍ സെന്റ് ജോസഫ് കോളേജ്, തിരുച്ചിറപ്പള്ളിയില്‍ നിന്നു ബിരുദം കരസ്ഥമാക്കി
1958 ല്‍ : മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയ്‌റോ- എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം
ട്രെയിനിംഗ് : ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ്, ബാംഗ്ലൂര്‍
1960 : പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ
ഡിആര്‍ഡിഒ യില്‍ ശാസ്ത്രജ്ഞനായി തുടക്കം
1962 : തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ
സ്ഥാപനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക്
1963 – 64: നാസ സന്ദര്‍ശനം
1963 : ആദ്യ റോക്കറ്റ് നെക് അപാഷ് വിക്ഷേപണം
1965 : റോക്കറ്റുകളുടെ രൂപകല്പന ആരംഭിച്ചു
1968 : ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റിക്ക് രൂപം നല്‍കി
1969 : ഐഎസ്ആര്‍ഒ യിലേക്കുള്ള സ്ഥലം മാറ്റം
1970 : ഡെവിള്‍, വാലിയന്റ് എന്നീ പ്രൊജക്റ്റുകള്‍ക്ക്
നേതൃത്വം നല്‍കി
1976 : പിതാവ് അന്തരിച്ചു
1980 : രോഹിണി എന്ന കൃത്രിമ ഉപഗ്രഹത്തെ
ലക്ഷ്യത്തിലെത്തിച്ചു.
1981 : പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു
1982 : ഡയരക്ടര്‍, ഡി.ആര്‍.ഡി.ഒ.
1983 : മിസൈല്‍ വികസനം
1988 : പൃഥ്വിയുടെ രണ്ടാം പറക്കല്‍
1989 : അഗ്നി 1 മിസൈല്‍ പരീക്ഷണം
1990 : രാജ്യത്തെ മിസൈല്‍ വികസന പദ്ധതിയുടെ
നേതൃത്വം, പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
1990 : ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ഡോക്ടര്‍
ഓഫ് സയന്‍സ് ബിരുദം
1991 : ഡോക്ടര്‍
ഓഫ് സയന്‍സ്,
ഐ.ഐ.ടി. മുംബൈ
1992-99 : പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്,
ഡിആര്‍ഡിഒ യുടെ സെക്രട്ടറി
1993 : പൃഥ്വി മിസൈലിന്റെ പരീക്ഷണം
1994 : ആര്യഭട്ട പുരസ്‌കാരം
1997 : പരമോന്നത സിവിലിയന്‍ ബഹുമതിയായ
ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചു.
1997 : ദേശീയോദ്ഗ്രഥനത്തിനുള്ള
ഇന്ദിരാഗാന്ധി പുരസ്‌കാരം
1998 : ഇന്ത്യയുടെ ആണവ പരീക്ഷണമായ
ഓപ്പറേഷന്‍ ശക്തിക്ക് നേതൃത്വം
1999 : പൊക്രാന്‍ ആണവ പരീക്ഷണത്തില്‍
നിര്‍ണ്ണായക പങ്ക്
2002 : ജൂലൈ 19 ഇന്ത്യന്‍ രാഷ്ട്രപതിയായി
ചുമതലയേറ്റു
2007 : രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞു
2015 : ജൂലൈ 27 ന് ഷില്ലോങ്ങ് ഐഐഎമ്മില്‍
പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ
കുഴഞ്ഞുവീണ് മരിച്ചു.
കര്‍മപഥത്തിലെ നക്ഷത്രത്തിളക്കങ്ങള്‍
1. ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ ശാസ്ത്രജ്ഞന്‍
2. രാജ്യരക്ഷാമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായശേഷം ഇന്ത്യന്‍ പ്രസിഡന്റായി
3. അവിവാഹിതനായ ഏക രാഷ്ട്രപതി
4. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി
5. സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി
6. സുഖോയ് വിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതി
7. അന്തര്‍വാഹിനി, യുദ്ധവിമാനം എന്നിവയില്‍ സഞ്ചരിച്ച ആദ്യ രാഷ്ട്രപതി
8. ഏറ്റവും കൂടുതല്‍ ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്റ് (വിദേശത്തുനിന്ന് ഉള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദം ലഭിച്ചിട്ടുണ്ട്.)
9. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എല്‍.വി – മൂന്നിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍
10. അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞന്‍
11. ഇന്ത്യയുടെ ‘മിസൈല്‍ മാന്‍’
12. അഹമ്മദാബാദ്, ഷില്ലോങ്ങ്, ഇന്‍ഡോര്‍ ഐ.ഐ.എമ്മുകളിലും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും അധ്യാപകന്‍
13. ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫസര്‍
14. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ചാന്‍സലര്‍
15. ശാസ്ത്രമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടണിലെ ചാള്‍സ് രണ്ടാമന്‍ രാജാവ് ആദരിച്ച ഏക ഭാരതീയ ശാസ്ത്രജ്ഞന്‍
16. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വോണ്‍ കാര്‍മല്‍ വിങ്ങ്‌സ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍
17. ഹൂവര്‍ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യക്കാരന്‍
18. ആദ്യത്തെ ഫിറോദിയ അവാര്‍ഡിനര്‍ഹന്‍
19. ഇന്ത്യയുടെ പരിസ്ഥിതി അംബാസഡര്‍
20. ലോകത്തിലാദ്യമായി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപഗ്രഹം എന്ന ആശയം മുന്നോട്ടുവച്ച വിദ്യാഭ്യാസ വിചക്ഷണന്‍
കലാമിന്റെ കാലാതീത വാക്കുകള്‍
*നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.
*വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.
*സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരി യണം മന:സാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മന:സാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.
*ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസു വേണം.
*എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.
*കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.
*ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.
*ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.
*പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.
*നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.
*കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.
*ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം. ജിജ്ഞാസയെന്നത് സര്‍ഗശേഷിയുടെ അടയാളമാണ്.
*ഒരു രാജ്യം അഴിമതിരഹിതവും സന്മനസുകളുടെ കേദാരവും ആക്കാന്‍ സമൂഹത്തിലെ മൂന്നുപ്രധാന വ്യക്തികള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിതാവ്, മാതാവ്, ഗുരു എന്നിവരാണവര്‍
*എനിക്കൊരു പാട് ദൂരം പോകാനുണ്ട്. എന്നാല്‍, എനിക്ക് തിരക്കില്ല. ചെറുചുവടുകള്‍വച്ച് ഞാന്‍ നടക്കുന്നു. ഒന്നിന് പിറകെ ഒന്ന് മാത്രം. എന്നാല്‍ ഓരോ ചുവടും മുന്നോട്ട്, ഉയര്‍ച്ചയി ലേക്ക്…
*ഞാന്‍ ജനിച്ചത് കഴിവുകളോട്കൂടിയാണ്, ആശയങ്ങളോടും സ്വപ്നങ്ങളോടും കൂടിയാണ്, നന്‍മയോടും മഹത്വത്തോടും കൂടിയാണ്, ഞാന്‍ പറക്കും. അത്മവിശ്വാസത്തോടെ….
*നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് നിങ്ങള്‍ സ്വപ്നം കണ്ടേ മതിയാവൂ
*നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.
* പ്രശസ്തനായാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ അതിലെവിടെയോ യാദൃശ്ചികത കണക്കാക്കിയാല്‍ മതി. എന്നാല്‍ പ്രശസ്തനായാണ് മരിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ സ്വന്തം നേട്ടമാണ്.
* മുതിര്‍ന്നവര്‍ രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്. മരണക്കിടക്കയിലേക്ക് സ്വത്തിനെ വലിച്ചിഴക്കാതിരിക്കുക, അത് കുടുംബകലഹത്തെ വിളിച്ച് വരുത്തും. ജോലി ചെയ്യുമ്പോള്‍ മരിക്കുക. രോഗശയ്യയില്‍ നീളാതെ അവസാനശ്വാസംവരെ നിവര്‍ന്ന് നില്‍ക്കുക. വിടപറയല്‍ ഹൃസ്വമായിരിക്കണം, തീര്‍ത്തും ഹ്രസ്വം…..