A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നിങ്ങൾക്കുമാവാം രാജാവ് !



വീട്ടിലെ രാജാവാകാം എന്നല്ലാതെ ഒരു രാജ്യം വെട്ടിപ്പിടിച്ച് അതിൻ്റെ തലപ്പത്തിരുന്ന് ഭരിക്കാം എന്നൊക്കെ ഇക്കാലത്ത് ഒരു സാധാരണക്കാരന് ചിന്തിക്കാനാവുമോ ? പണ്ടൊക്കെ അടിമകൾ വരെ രാജാവാകുകയും രാജപരമ്പര വരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ കേട്ടോളൂ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഇന്ത്യാക്കാരൻ ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ രാജാവായി ! സംഭവം കുറച്ചു വിശദീകരിച്ചു തന്നെ പറയാം .
വടക്കൻ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നും നൂറുകണക്കിന് മൈലുകൾ അകലെയുള്ള പ്രാചീന പ്രവിശ്യയായ Abu Hamed ലേക്ക് സാധാരണ ജീപ്പിലാണ് പര്യവേഷകർ പോകാറ് . ഗ്രേറ്റ് ബ്രിട്ടന്റെ ഇരട്ടിവലിപ്പമുള്ള വിശാലമായ നൂബിയൻ മരുഭൂമി തുടങ്ങുന്നതിന് മുൻപുള്ള അവസാന സെറ്റിൽമെന്റാണ് അബു ഹമെദ് . ഇനിയും ഈ തരിശ് ഭൂവിലൂടെ മുന്നോട്ട് പോയാൽ തോക്കേന്തിയ ലോക്കൽ യുദ്ധപ്രഭുക്കൻമ്മാരെയും , അവരെ നേരിടാൻ ജീപ്പിൽ കറങ്ങി നടക്കുന്ന അപൂർവ്വം മിലിട്ടറി ജീപ്പുകളെയും ഒരു പക്ഷെ നാം കണ്ടേക്കാം . പക്ഷെ ഓക്സിജൻ ഒഴികെ മറ്റെല്ലാം കൂടെ കരുതിവേണം യാത്ര തുടരാൻ . അവിടെയും ഇവിടെയുമായി നിൽക്കുന്ന ഒറ്റപ്പെട്ട പനകൾ നമ്മുക്ക് പ്രത്യാശയുടെ തുരുത്തുകളാണ് . സിറോ വിസിബിലിറ്റി തരുന്ന കനത്ത പൊടിക്കാറ്റിനെയും അതിജീവിച്ച് ദിവസങ്ങളോളം വടക്കോട്ട് യാത്ര ചെയ്‌താൽ നാം Bir Tawil എന്നൊരു വിചിത്രഭൂമിയിൽ എത്തിച്ചേരും . മുന്നും പിന്നും നോക്കിയാൽ ഒരേപോലെ കിടക്കുന്ന ഈ തരിശു ഭൂമിക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചേക്കാം . പ്രത്യേകത ഇതാണ് , ബിർ താവിൽ എന്ന 2,060 ചതുരശ്രകിലോമീറ്റർ വിസ്താരമുള്ള ഈ തുണ്ടു മരുഭൂമി ഭൂമിയിലെ ഒരു രാജ്യത്തിന്റെയും കീഴിലുള്ള സ്ഥലമല്ല ! സുഡാന്റെയും ഈജിപ്തിന്റെയും ഇടയിൽ കിടക്കുന്ന ഈ തരിശിന് ആരും അവകാശികളില്ല . ഈ മേഖല മുൻപ് ഭരിച്ചിരുന്ന ബ്രിട്ടൻ ഇരുരാജ്യങ്ങളുടെയും അതിർത്തികൾ നിർണ്ണയിച്ചപ്പോൾ വന്ന പിഴവാണ് ഇതിങ്ങനെ ആർക്കും വേണ്ടാത്ത സ്ഥലമായി പോകാൻ കാരണം . ഇന്നിപ്പോൾ ഇതിലേതെങ്കിലും രാജ്യം ഇതിനു അവകാശവുമായി വന്നാൽ മുട്ടനടി വീഴും എന്നതിനാൽ ഇരുവരും ഒരു വകയ്ക്കു കൊള്ളില്ലാത്ത ഈ തരിശു ഭൂമിയെ കൈവിട്ട മട്ടാണ് . ഇനി ചരിത്രപരമായി ചിന്തിച്ചാൽ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന Ababda ഗോത്രക്കാർക്കാണ് ഇവിടെ അവകാശം . പക്ഷെ ഇവർ ഇപ്പോൾ ഈജിപ്തിൽ ആസ്വാൻ ഡാമിനരികെ സ്ഥിരതാമസത്തിലാണ് .
ഇവിടെയാണ് നമ്മെപ്പോലെയുള്ള വിരുതൻമാർക്കു അവസരം . ഒന്നുകിൽ മുൻപ് പറഞ്ഞ വഴിയിലൂടെ സുഡാൻ അതിർത്തി കടന്ന് ഇവിടെയെത്തുക അല്ലെങ്കിൽ ഈജിപ്ത് വഴിയും ഇവിടെ എത്താം . എന്നിട്ട് ഒരു പതാക നാട്ടുക . സ്ഥലം നമ്മുടേതെന്ന് പ്രഖ്യാപിക്കുക . ഫോട്ടോയും വീഡിയോകളും ഫേസ്ബുക്കിൽ തെളിവിനായി ഇട്ടാൽ സംഭവം ജോർ ! പക്ഷെ ഇതൊക്കെ ആരെങ്കിലും അംഗീകരിക്കുമോ എന്നത് വേറെ കാര്യം ! കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ ഒരു നാലഞ്ചു പേരെങ്കിലും ഇവിടെയെത്തി സ്വയം ഭരണം ഏറ്റെടുത്തിട്ടുണ്ട് ! ചിലർ വീട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് അവകാശവാദം ഉന്നയിച്ചത് . വേറൊരാൾ മകൾക്കു പിറന്നാൾ സമ്മാനമായി "തന്റെ രാജ്യം " സമ്മാനിക്കുകയുണ്ടായി ! ഈ സീരീസിലെ അവസാനത്തെ ആളാണ് ഇന്ത്യക്കാരൻ Suyash Dixit . കക്ഷി പക്ഷെ ഇവിടെവരെ കഷ്ടപ്പെട്ട് യാത്ര ചെയ്ത് എത്തിയശേഷമാണ് . രാജ്യം സ്വന്തമാക്കിയത് . ഉടൻ തന്നെ പേരുമിട്ടു "കിങ്‌ഡം ഓഫ് ദീക്ഷിത് " . ഇവിടെ ആദ്യത്തെ ചെടിയും കുഴിച്ചുവെച്ച് അതിനു വെള്ളവുംഒഴിച്ചു . ഈജിപ്ഷ്യൻ ആർമിയാണ് രാജാവിനെ ഇവിടെ വരെ എത്താൻ സഹായിച്ചത് . സ്വന്തമായി രൂപകൽപ്പന ചെയ്ത പതാകയും നാട്ടി ഏതാണ്ട് ആറുമണിക്കൂർ സ്വന്തം രാജ്യത്ത് ചിലവഴിച്ച ശേഷമാണ് "രാജാവ്" സ്ഥലം വിട്ടത് . കൂടാതെ രാജ്യം ക്ലെയിം ചെയ്തുകൊണ്ട് UN നു ലെറ്ററും വിട്ടിട്ടുണ്ട് . അദ്ദേഹത്തെ ബന്ധപ്പെടുന്ന ആദ്യ നൂറുപേർക്ക് സിറ്റിസൺഷിപ്പും രാജാവ് ഓഫർ ചെയ്തിട്ടുണ്ട് . ഇതാണ് രാജാവിന്റെ FB വിലാസം > https://www.facebook.com/suyashthegreat
ഇതുപോലെ കരയിലല്ലെങ്കിലും കടലിൽ സ്വന്തം രാജ്യം ഉണ്ടാക്കിയവരും ഉണ്ട് . ഉദാഹരണം Principality of Sealand .
By Joseph T